മാർ തോമ്മാ സ്ലീവാ

Posted by Nazrani Margam on 18:59:00
മെശിയാനിക വിശ്വാസത്തിൻ്റെയും ജീവിതത്തിൻ്റെയും നിർണ്ണായകവും മാനദണ്ഡാത്മകവുമായ കാലഘട്ടമായി കത്തോലിക്ക സഭ നിശ്ചയിച്ചിരിക്കുന്ന ഒൻപതാം നൂറ്റാണ്ടുവരെയുള്ള കാലയളവിൽ മിശിഹായുടെ ആൾരൂപമില്ലാത്ത സ്ലീവായാണ് പാശ്ചാത്യ പൗരസ്ത്യ സഭകളിൽ വണങ്ങപെട്ടിരുന്നത്. ശൂന്യമായ ഖബറിടം പോലെതന്നെ ശൂന്യമായ സ്ലീവായും മിശിഹായുടെ ഉത്ഥാനത്തിൻ്റെ പ്രതീകമായി എല്ലാ സഭകളും പ്രഘോഷിച്ചിരുന്നു.
    പാരമ്പര്യം: മാർ തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വാവസരത്തിൽ, അദ്ദേഹത്തിൻ്റെ രക്തം വീണു നനഞ്ഞതെന്നു വിശ്വസിക്കപ്പെടുന്ന കരിങ്കൽ പാറമേൽ പിൽക്കാലത്തു കൊത്തിയുണ്ടാക്കിയിട്ടുള്ളതാണ് മാർ തോമായുടെ മാർഗ്ഗത്തിൻ്റെ ഈ പ്രത്യേക പ്രതീകം. ഏഴാം നൂറ്റാണ്ടിലാണിതു ( 650-നടുത്തു ) കൊത്തപ്പെട്ടതെന്ന് ആധുനിക പണ്ഡിതന്മാർ ശാസ്ത്രീയ പരീക്ഷണങ്ങളുടെ വെളിച്ചത്തിൽ സാക്ഷ്യപെടുത്തുന്നു. സ്ലീവായുടെ ചുറ്റുമുള്ള സസാനിയൻ - പാഹ്ലവി ലിഖിതം കൃത്യമായി വായിച്ചെടുക്കാൻ ഇതുവരെ കഴിഞ്ഞട്ടില്ല.
    പ്രതീകാത്മകത: ഈശോമിശിഹായുടെ മരണോത്ഥാനങ്ങളുടെ മിഴിവുറ്റ പ്രതീകമാണു മാർ തോമാ സ്ലീവാ. മാത്രമല്ല, വിശ്വാസികളുടെ ഈശോമയ ജീവിത പൂർണതയുടേയും. മാർ തോമാ നസ്രാണികളുടെ സജീവ വിശ്വാസത്തിൻ്റെ മിഴിവുറ്റ ചരിത്രയാഥാർത്ഥ്യമാണ് മാർ തോമാ സ്ലീവാ.
     ശൂന്യമായ സ്ലീവാ: മിശിഹായുടെ ആൾരൂപമില്ലാത്ത മാർ തോമാ സ്ലീവാ, ശൂന്യമായ കല്ലറപോലെതന്നെ അവിടുത്തെ ഉത്ഥാനത്തിൻ്റെ പ്രതീകമാണ്.
     വിടരുന്ന മൊട്ട്: മൊട്ട് പുതുജീവൻ്റെ അടയാളമാണല്ലോ. മിശിഹായുടെ ഉത്ഥാനം വഴിയാണ് മാനവവംശത്തിന് യഥാർത്ഥത്തിലുള്ള പുതുജീവൻ ലഭിച്ചത്.
     പറന്നിറങ്ങുന്ന പ്രാവ്: മാർ തോമാ സ്ലീവായിലേക്കു പറന്നിറങ്ങുന്ന റൂഹാദഖുദിശായും മിശിഹായുടെ തിരുമുത്ഥാനത്തെ പ്രഘോഷണം ചെയ്യുന്നു. മാർ പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നതുപോലെ, റൂഹാദഖുദിശായാണു മൃതനായ മിശിഹായെ ഉയിർപ്പിക്കുന്നത് (റോമാ 8,11). മിശിഹായുടെ മാംസളശരീരം അരൂപിക്കടുത്ത ശരീരമായി റൂഹാദഖുദിശാ മാറ്റുന്നു.
         താമരയിൽ: സ്ലീവാ ഉയർത്തപ്പെട്ടിരിക്കുന്നത് താമരയിലാണ്. അങ്ങനെ, താമരയിൽ ഉയർത്തപ്പെട്ട സ്ലീവാ, ഭാരതത്തിൽ സ്വീകരിക്കപ്പെട്ട അഥവാ ഉറപ്പിക്കപ്പെട്ട ഉത്ഥിതനായ മിശിഹായുടെ പ്രതീകമായി നിലകൊള്ളുന്നു.
                മൂന്നു പടികൾ: ഈ പ്രതീകം ഗാഗുൽത്തായെ സൂചിപ്പിക്കുന്നു.
        ഉപസംഹാരം: മാർ പൗലോസ് ശ്ലീഹായുടെ ഉത്ഥാനദൈവശാസ്ത്രത്തിൻ്റെ, അതായത്, ഈശോമിശിഹാ പൂർത്തിയാക്കിയ രക്ഷാകർമ്മത്തെയും, അതിൻ്റെ മകുടവും മെശയാനിക വിശ്വാസത്തിൻ്റെ ഉറവിടവുമായ അവിടുത്തെ ഉയിർപ്പിനെയും, മെശയാനീകരുടെ ജീവിതപൂർണ്ണതയെയും കുറിച്ചുള്ള ശ്ലൈഹിക വീക്ഷണത്തിൻ്റെ, ഭാരതീയ സാംസ്കാരിക പശ്ചാത്തലത്തിലുള്ള ഏറ്റവും വിശിഷ്ടമായ പ്രതീകമാണ് മാർ തോമ്മാസ്ലീവാ.
                ചെന്നൈയിലുള്ള പെരിയ മലയിലെ പള്ളിയുടെ കിഴക്കെ ഭിത്തിയിൽ പ്രഥാന ബലിപീഠത്തിനു മുകളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ മാർ തോമാ സ്ലീവാ, ശാസ്ത്രീയമായ വിലയിരുത്തലിൽ അതിപുരാതനമായ കരിങ്കല്ലിൽ മിശിഹാക്കാലം 650-നടുത്ത് കൊത്തിയിട്ടുള്ളതാണ്.
                     (തിരുനാൾ: ഡിസംബർ 18 )